പ്രപഞ്ചത്തിന്റെ ഉത്ഭവവും ഉള്ളടക്കവും പരിണാമവും 'അടുത്തറിയാന്‍' വിക്ഷേപിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'പ്ലാങ്ക് ദൗത്യ'ത്തില്‍ നിന്ന് ആകാശത്തിന്റെ പൂര്‍ണദൃശ്യം ആദ്യമായി ലഭിച്ചു. വെറും ആറു മാസം പ്ലാങ്ക് നടത്തിയ ആകാശ സ്‌കാനിങിന്റെ ഫലമാണ് ഈ അസാധാരണ ദൃശ്യം.
380,000 വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുന്നത്. മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ 'പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം' (CMB) എന്നാണ് വിളിക്കുക.
ആ തരംഗപശ്ചാത്തലം അസാധാരണമാംവിധം വ്യക്തതയോടെ പകര്‍ത്താന്‍ പ്ലാങ്കിന് കഴിയുന്നുണ്ടെന്ന്, ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം വ്യക്തമാക്കുന്നു. ഇതുവരെ ഒരു ദൗത്യത്തിനും സൂക്ഷ്മതരംഗ പശ്ചാത്തലം ഇത്ര സൂക്ഷ്മമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
ഈ ദൃശ്യത്തിന്റെ മധ്യേ കുറുകെ കാണുന്ന തിളക്കമാര്‍ന്ന രേഖ ഭൂമിയും സൂര്യനും സ്ഥിതിചെയ്യുന്ന ഗാലക്‌സിയായ ആകാശഗംഗ (ക്ഷീരപഥം) ആണ്. ചിത്രത്തിലുള്ളത് നഗ്നനേത്രങ്ങള്‍ക്കൊണ്ട് ദൃശ്യമാകാത്തത്ര ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള (മൈക്രോവേവ് മുതല്‍ ഇന്‍ഫ്രാറെഡ് വരെയുള്ള) പ്രകാശമാണ്.
Popout
'ശരിക്കും നമ്മുടെ ഗാലക്‌സിയിലെ വാതകപടലങ്ങളും ധൂളികളും മാത്രമേ ഇതില്‍ ദൃശ്യമായിട്ടുള്ളു'-പ്ലാങ്ക് ദൗത്യസംഘത്തിലെ അംഗം ആന്‍ഡ്രൂ ജഫീ അറിയിക്കുന്നു. ഗാലക്‌സികളുടെ രൂപപ്പെടല്‍ സംബന്ധിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇതിലെ വിശദാംശങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.സൂക്ഷ്മതരംഗ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കുക വഴി, പ്രപഞ്ചത്തിന്റെ 'അതിവികാസത്തിന്' (inflation) വ്യക്തമായ തെളിവ് കണ്ടെത്തുകയെന്നതും പ്ലാങ്കിന്റെ ലക്ഷ്യമാണ്. മഹാവിസ്‌ഫോടനം നടന്ന ആദ്യനിമിഷത്തില്‍ തന്നെ പ്രകാശത്തെക്കാള്‍ വേഗത്തിലൊരു 'അതിവികാസത്തി'ന് പ്രപഞ്ചം വിധേയമായി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ സൂചന നല്‍കുന്നത്. ആ സംഭവം സൂക്ഷ്മതരംഗ പശ്ചാത്തലത്തില്‍ മുദ്രണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.
2009 മെയില്‍ വിക്ഷേപിച്ച പ്ലാങ്ക്, ഭൂമിയില്‍ നിന്ന് പത്തുലക്ഷത്തിലേറെ കിലോമീറ്റര്‍ അകലെ നിന്നാണ് പ്രപഞ്ചനിരീക്ഷണം നടത്തുന്നത്. അതിശീതാവസ്ഥയില്‍ പ്രവര്‍ത്തിക്കത്തക്ക വിധമാണ് പ്ലാങ്കിലെ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിലെ ചില ഡിറ്റെക്ടറുകള്‍ പ്രവര്‍ത്തിക്കുക മൈനസ് 273.05 ഡിഗ്രി സെല്‍സിയസ് ഊഷ്മാവിലാണ്. ദ്രവ്യത്തിന് എത്താവുന്ന ഏറ്റവും താഴ്ന്ന താപനിലയായ കേവലപൂജ്യം മൈനസ് 274 ഡിഗ്രിയാണെന്നോര്‍ക്കുക (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).
A nice one
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ